Bible Versions
Bible Books

Isaiah 49 (MOV) Malayalam Old BSI Version

1 ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍ ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.
2 അവന്‍ എന്റെ വായെ മൂര്‍ച്ചയുള്ള വാള്‍പോലെയാക്കി തന്റെ കയ്യുടെ നിഴലില്‍ എന്നെ ഒളിപ്പിച്ചു; അവന്‍ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയില്‍ മറെച്ചുവെച്ചു, എന്നോടു
3 യിസ്രായേലേ, നീ എന്റെ ദാസന്‍ ; ഞാന്‍ നിന്നില്‍ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.
4 ഞാനോ; ഞാന്‍ വെറുതെ അദ്ധ്വാനിച്ചു; എന്റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്റെ ന്യായം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ പക്കലും ഇരിക്കുന്നു.
5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കല്‍ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്‍ഭത്തില്‍ തന്റെ ദാസനായി നിര്‍മ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു--ഞാന്‍ യഹോവേക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു--
6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.
7 യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുപ്രസാദകാലത്തു ഞാന്‍ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു; ദേശത്തെ ഉയര്‍ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോടുഇറങ്ങിപെയ്ക്കൊള്‍വിന്‍ എന്നും അന്ധകാരത്തില്‍ ഇരിക്കുന്നവരോടുവെളിയില്‍ വരുവിന്‍ എന്നും പറവാനും ഞാന്‍ നിന്നെ കാത്തു,
9 നിന്നെ ജനത്തിന്റെ നിയമമാക്കി വെച്ചിരിക്കുന്നു. അവര്‍ വഴികളില്‍ മേയും; എല്ലാപാഴകുന്നുകളിലും അവര്‍ക്കും മേച്ചലുണ്ടാകും.
10 അവര്‍ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
11 ഞാന്‍ എന്റെ മലകളെയൊക്കെയും വഴിയാക്കും; എന്റെ പെരുവഴികള്‍ പൊങ്ങിയിരിക്കും.
12 ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.
13 ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വ്വതങ്ങളേ, പൊട്ടി ആര്‍ക്കുംവിന്‍ ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.
14 സീയോനോയഹോവ എന്നെ ഉപേക്ഷിച്ചു, കര്‍ത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
15 ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.
16 ഇതാ ഞാന്‍ നിന്നെ എന്റെ ഉള്ളങ്കയ്യില്‍ വരെച്ചിരിക്കുന്നു; നിന്റെ മതിലുകള്‍ എല്ലായ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
17 നിന്റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.
18 തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്റെ അടുക്കല്‍ വന്നു കൂടുന്നു. എന്നാണ, നീ അവരെ ഒക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരെക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.
19 നിന്റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെവരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര്‍ ദൂരത്തു അകന്നിരിക്കും.
20 നിന്റെ പുത്രഹീനതയിലെ മക്കള്‍സ്ഥലം പോരാതിരിക്കുന്നു; പാര്‍പ്പാന്‍ സ്ഥലം തരിക എന്നു നിന്നോടു പറയും.
21 അപ്പോള്‍ നീ നിന്റെ ഹൃദയത്തില്‍ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞു നടക്കുന്നവളും ആയിരിക്കേ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.
22 യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജാതികള്‍ക്കു എന്റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.
23 രാജാക്കന്മാര്‍ നിന്റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.
24 ബലവാനോടു അവന്റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?
25 എന്നാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവര്‍ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
26 നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്‍ക്കും ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരന്‍ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×