Bible Versions
Bible Books

Exodus 13 (MOV) Malayalam Old BSI Version

1 യഹോവ പിന്നെയും മോശെയോടു:
2 യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;
3 അപ്പോൾ മോശെ ജനത്തോടു പറഞ്ഞതു: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ദിവസത്തെ ഓർത്തു കൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു.
4 ആബീബ് മാസം തിയ്യതി നിങ്ങൾ പുറപ്പെട്ടു പോന്നു.
5 എന്നാൽ കനാന്യർ, ഹിത്യർ, അമോർയ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ മാസത്തിൽ കർമ്മം ആചരിക്കേണം.
6 ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവെക്കു ഒരു ഉത്സവം ആയിരിക്കേണം.
7 ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.
8 ഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം.
9 യഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കെണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.
10 അതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ചട്ടം ആചരിക്കേണം.
11 യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്നു അതു നിനക്കു തരുമ്പോൾ
12 കടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവെക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവക്കുള്ളതാകുന്നു.
13 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻ കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.
14 എന്നാൽ ഇതു എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;
15 ഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.
16 അതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
17 ഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്തു കൂടിയുള്ള വഴി അടുത്തതു എന്നു വരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;
18 ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
19 മോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്നു എടുത്തുകൊണ്ടുപോകേണമെന്നു പറഞ്ഞു അവൻ യിസ്രായേൽമക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
20 അവർ സുക്കോത്തിൽ നിന്നു യാത്രപുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.
21 അവർ പകലും രാവും യാത്രചെയ്‍വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×