Bible Versions
Bible Books

Matthew 24 (MOV) Malayalam Old BSI Version

1 യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര്‍ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ വന്നു.
2 അവന്‍ അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
3 അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ചു അവന്റെ അടുക്കല്‍ വന്നുഅതു എപ്പോള്‍ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
4 അതിന്നു യേശു ഉത്തരം പറഞ്ഞതു“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
5 ഞാന്‍ ക്രിസ്തു എന്നു പറഞ്ഞു അനേകര്‍ എന്റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും.
6 നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ; അതു സംഭവിക്കേണ്ടതു തന്നേ;
7 എന്നാല്‍ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.
8 എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ.
9 അന്നു അവര്‍ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
10 പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും
11 കള്ളപ്രവാചകന്മാര്‍ പലരും വന്നു അനേകരെ തെറ്റിക്കും.
12 അധര്‍മ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും.
13 എന്നാല്‍ അവസാനത്തോളം സഹിച്ചു നിലക്കുന്നവന്‍ രക്ഷിക്കപ്പെടും.
14 രാജ്യത്തിന്റെ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.
15 എന്നാല്‍ ദാനീയേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തില്‍ നിലക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍” - വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ -
16 “അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഔടിപ്പോകട്ടെ.
17 വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു;
18 വയലിലുള്ളവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുതു.
19 കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!
20 എന്നാല്‍ നിങ്ങളുടെ ഔടിപ്പോകൂ ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ .
21 ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.
22 നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര്‍ നിമിത്തമോ നാളുകള്‍ ചുരുങ്ങും.
23 അന്നു ആരാനും നിങ്ങളോടുഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.
24 കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
25 ഔര്‍ത്തുകൊള്‍വിന്‍ ; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26 ആകയാല്‍ നിങ്ങളോടുഅതാ, അവന്‍ മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുതു; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതു.
27 മിന്നല്‍ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങും പോലെ മനുഷ്യപുത്രന്റെ വരുവു ആകും.
28 ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.
29 കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.
30 അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും.
31 അവന്‍ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവര്‍ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.
32 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍ ; അതിന്റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുംമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
33 അങ്ങനെ നിങ്ങള്‍ ഇതു ഒക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ .
34 ഇതൊക്കെയും സംഭവിക്കുവോളം തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
35 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
36 നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയനാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു;
39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.
40 അന്നു രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.
41 രണ്ടുപേര്‍ ഒരു തിരിക്കല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.
42 നിങ്ങളുടെ കര്‍ത്താവു ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്ക കൊണ്ടു ഉണര്‍ന്നിരിപ്പിന്‍ .
43 കള്ളന്‍ വരുന്നയാമം ഇന്നതെന്നു വീട്ടുടയവന്‍ അറിഞ്ഞു എങ്കില്‍ അവന്‍ ഉണര്‍ന്നിരിക്കയും തന്റെ വീടു തുരക്കുവാന്‍ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ.
44 അങ്ങനെ നിങ്ങള്‍ നിനെക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ .
45 എന്നാല്‍ യജമാനന്‍ തന്റെ വീട്ടുകാര്‍ക്കും തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേല്‍ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?
46 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന്‍ ഭാഗ്യവാന്‍ .
47 അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
48 എന്നാല്‍ അവന്‍ ദുഷ്ടദാസനായിയജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
49 കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍
50 ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×