Bible Versions
Bible Books

Exodus 3 (MOV) Malayalam Old BSI Version

1 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.
2 അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പടര്‍പ്പിന്റെ നടുവില്‍നിന്നു അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3 മുള്‍പടര്‍പ്പു വെന്തുപോകാതിരിക്കുന്ന വലിയ കാഴ്ച എന്തെന്നു ഞാന്‍ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
4 നോക്കേണ്ടതിന്നു അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പടര്‍പ്പിന്റെ നടുവില്‍ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവന്‍ ഇതാ, ഞാന്‍ എന്നു പറഞ്ഞു.
5 അപ്പോള്‍ അവന്‍ ഇങ്ങോട്ടു അടുക്കരുതു; നീ നിലക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
6 ഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്‍ ഭയപ്പെട്ടു മുഖം മൂടി.
7 യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.
8 അവരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു വിടുവിപ്പാനും ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.
9 യിസ്രായേല്‍മക്കളുടെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കുന്നു; മിസ്രയീമ്യര്‍ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാന്‍ കണ്ടിരിക്കുന്നു.
10 ആകയാല്‍ വരിക; നീ എന്റെ ജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയക്കും.
11 മോശെ ദൈവത്തോടുഫറവോന്റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാനും ഞാന്‍ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
12 അതിന്നു അവന്‍ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമില്‍നിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ പര്‍വ്വതത്തിങ്കല്‍ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാന്‍ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
13 മോശെ ദൈവത്തോടുഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍അവന്റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
14 അതിന്നു ദൈവം മോശെയോടുഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.
15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണംഅബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.
16 നീ ചെന്നു യിസ്രായേല്‍മൂപ്പന്മാരെ കൂട്ടി അവരോടുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതുഞാന്‍ നിങ്ങളെയും മിസ്രയീമില്‍ അവര്‍ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദര്‍ശിക്കുന്നു.
17 മിസ്രയീമിലെ കഷ്ടതയില്‍നിന്നു കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.
18 എന്നാല്‍ അവര്‍ നിന്റെ വാക്കു കേള്‍ക്കും. അപ്പോള്‍ നീയും യിസ്രായേല്‍ മൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുഎബ്രായരുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാല്‍ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറവിന്‍ .
19 എന്നാല്‍ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാന്‍ സമ്മതിക്കയില്ല എന്നു ഞാന്‍ അറിയുന്നു.
20 അതുകൊണ്ടു ഞാന്‍ എന്റെ കൈ നീട്ടി മിസ്രയീമിന്റെ നടുവില്‍ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്റെ ശേഷം അവന്‍ നിങ്ങളെ വിട്ടയക്കും.
21 ഞാന്‍ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
22 ഔരോ സ്ത്രീ താന്താന്റെ അയല്‍ക്കാരത്തിയോടും വീട്ടില്‍ അതിഥിയായി പാര്‍ക്കുംന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×