Bible Versions
Bible Books

1 Kings 14 (MOV) Malayalam Old BSI Version

1 കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.
2 യൊരോബെയാം തന്റെ ഭാര്യയോടുനീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ജനത്തിന്നു ഞാന്‍ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെ ഉണ്ടല്ലോ.
3 നിന്റെ കയ്യില്‍ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കല്‍ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
4 യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവള്‍ പുറപ്പെട്ടു ശീലോവില്‍ അഹീയാവിന്റെ വീട്ടില്‍ ചെന്നു; എന്നാല്‍ അഹീയാവിന്നു വാര്‍ദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാന്‍ വഹിയാതെയിരുന്നു.
5 എന്നാല്‍ യഹോവ അഹീയാവോടുയൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാന്‍ വരുന്നു; അവന്‍ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവള്‍ അകത്തു വരുമ്പോള്‍ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
6 അവള്‍ വാതില്‍ കടക്കുമ്പോള്‍ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നല്‍യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവര്‍ത്തമാനം നിന്നെ അറിയിപ്പാന്‍ എനിക്കു നിയോഗം ഉണ്ടു.
7 നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജനത്തിന്റെ ഇടയില്‍നിന്നു നിന്നെ ഉയര്‍ത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
8 രാജത്വം ദാവീദ് ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാന്‍ പൂര്‍ണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
9 നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകില്‍ എറിഞ്ഞുകളഞ്ഞു.
10 അതു കൊണ്ടു ഇതാ, ഞാന്‍ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനര്‍ത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലില്‍നിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
11 യൊരോബെയാമിന്റെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലില്‍ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
12 ആകയാല്‍ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാല്‍ പട്ടണത്തിന്നകത്തു ചവിട്ടുമ്പോള്‍ കുട്ടി മരിച്ചു പോകും.
13 യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തില്‍വെച്ചു അവനില്‍മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാല്‍ യൊരോബെയാമിന്റെ സന്തതിയില്‍ അവനെ മാത്രം കല്ലറയില്‍ അടക്കം ചെയ്യും.
14 യഹോവ തനിക്കു യിസ്രായേലില്‍ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവന്‍ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാല്‍ ഇപ്പോള്‍ തന്നേ എന്തു?
15 യിസ്രായേല്‍ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോയെ കോപിപ്പിച്ചതുകൊണ്ടു ഔട വെള്ളത്തില്‍ ആടുന്നതുപോലെ അവര്‍ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാര്‍ക്കും താന്‍ കൊടുത്ത നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
16 പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവന്‍ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17 എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിര്‍സ്സയില്‍വന്നു; അവള്‍ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോള്‍ കുട്ടി മരിച്ചു.
18 യഹോവ തന്റെ ദാസനായ അഹീയാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവര്‍ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
19 യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
20 യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി.
21 ശലോമോന്റെ മകനായ രെഹബെയാം യെഹൂദയില്‍ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേര്‍.
22 യെഹൂദാ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ ചെയ്ത പാപങ്ങള്‍കൊണ്ടു അവരുടെ പിതാക്കന്മാര്‍ ചെയ്തതിനെക്കാള്‍ അധികം അവനെ ക്രുദ്ധിപ്പിച്ചു.
23 എങ്ങനെയെന്നാല്‍ അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിന്‍ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
24 പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ളേച്ഛതളും അവര്‍ അനുകരിച്ചു.
25 എന്നാല്‍ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്‍ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്റെ നേരെ വന്നു,
26 യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവര്‍ന്നു; അവന്‍ ആസകലം കവര്‍ന്നു; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും എടുത്തുകൊണ്ടുപോയി.
27 ഇവേക്കു പകരം രെഹബെയാംരാജാവു താമ്രം കൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതില്‍ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍ ഏല്പിച്ചു.
28 രാജാവു യഹോവയുടെ ആലയത്തില്‍ ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
29 രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ?
30 രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.
31 രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേര്‍. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×