Bible Versions
Bible Books

2 Chronicles 35 (MOV) Malayalam Old BSI Version

1 അനന്തരം യോശീയാവു യെരൂശലേമില്‍ യഹോവേക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവര്‍ പെസഹ അറുത്തു.
2 അവന്‍ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിര്‍ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
3 അവന്‍ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവേക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതുയിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്‍ പണിത ആലയത്തില്‍ വിശുദ്ധപെട്ടകം വെപ്പിന്‍ ; ഇനി അതു നിങ്ങളുടെ തോളുകള്‍ക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍ .
4 യിസ്രായേല്‍രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളില്‍ കാണുംപോലെ പിതൃഭവനം പിതൃഭവനമായും ക്കുറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിന്‍ .
5 നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഔരോന്നിന്നു ലേവ്യരുടെ ഔരോ പിതൃഭവനഭാഗം വരുവാന്‍ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കല്‍ നിന്നുകൊള്‍വിന്‍ .
6 ഇങ്ങനെ നിങ്ങള്‍ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാര്‍ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിന്‍ .
7 യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ യാഗങ്ങള്‍ക്കായിട്ടു രാജാവിന്റെ വക ആട്ടിന്‍ കൂട്ടത്തില്‍നിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
8 അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹില്‍ക്കീയാവും സെഖര്‍യ്യാവും യെഹീയേലും പുരോഹിതന്മാര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
9 കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
10 ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാര്‍ തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ ക്കുറുക്കുറായും നിന്നു.
11 അവന്‍ പെസഹ അറുത്തു; പുരോഹിതന്മാര്‍ അവരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിക്കയും ലേവ്യര്‍ തോലുരിക്കയും ചെയ്തു.
12 പിന്നെ മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു അവര്‍ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
13 അവര്‍ വിധിപോലെ പെസഹയെ തീയില്‍ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വ്വജനത്തിന്നും വേഗത്തില്‍ വിളമ്പിക്കൊടുത്തു.
14 പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര്‍ ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി.
15 ആസാഹ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‍ക്കാര്‍ അതതു വാതില്‍ക്കലും നിന്നു; അവര്‍ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്കും ഒരുക്കിക്കൊടുത്തു.
16 ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേല്‍ ഹോമയാഗങ്ങള്‍ അര്‍പ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
17 അവിടെ ഉണ്ടായിരുന്ന യിസ്രായേല്‍ മക്കള്‍ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
18 ശമൂവേല്‍പ്രവാചകന്റെ കാലംമുതല്‍ യിസ്രായേലില്‍ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച പെസഹപോലെ യിസ്രായേല്‍രാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
19 യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില്‍ പെസഹ ആചരിച്ചു.
20 യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാന്‍ പോകുമ്പോള്‍ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
21 എന്നാല്‍ അവന്‍ അവന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുയെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മില്‍ എന്തു? ഞാന്‍ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാന്‍ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
22 എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന്‍ മെഗിദ്ദോതാഴ്വരയില്‍ യുദ്ധം ചെയ്‍വാന്‍ ചെന്നു.
23 വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടുഎന്നെ കൊണ്ടുപോകുവിന്‍ ; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
24 അങ്ങനെ അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍നിന്നിറക്കി അവന്റെ രണ്ടാം രഥത്തില്‍ ആക്കി യെരൂശലേമില്‍ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയില്‍ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
25 യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളില്‍ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലില്‍ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളില്‍ എഴുതിയിരിക്കുന്നുവല്ലോ.
26 യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സല്‍പ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×