Bible Versions
Bible Books

2 Kings 14 (MOV) Malayalam Old BSI Version

1 യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടില്‍ യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു രാജാവായി.
2 അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമില്‍ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേര്‍.
3 അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവന്‍ ചെയ്തു.
4 എങ്കിലും പൂജാഗിരികള്‍ക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളില്‍ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
5 രാജത്വം അവന്നു സ്ഥിരമായപ്പോള്‍ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന്‍ കൊന്നുകളഞ്ഞു.
6 എന്നാല്‍ പുത്രന്മാര്‍ക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്‍ക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു അനുസരിച്ചു അവന്‍ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
7 അവന്‍ ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല്‍ എന്നു പേര്‍ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
8 കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന്‍ യെഹോവാശ് എന്ന യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുവരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.
9 അതിന്നു യിസ്രായേല്‍രാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതുലെബാനോനിലെ മുള്‍പ്പടര്‍പ്പു ലെബാനോനിലെ ദേവദാരുവോടുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയില്‍ മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.
10 എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടില്‍ ഇരുന്നുകൊള്‍ക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ചെന്നു ചാടുന്നതു എന്തിന്നു? എന്നാല്‍ അമസ്യാവു കേട്ടില്ല.
11 ആകയാല്‍ യിസ്രായേല്‍ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍ നേരിട്ടു.
12 യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
13 അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന്‍ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില്‍ എഫ്രയീംപടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
14 അവന്‍ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.
15 യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന്‍ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
16 പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്‍യ്യയില്‍ യിസ്രായേല്‍രാജാക്കന്മാരുടെ അടുക്കല്‍ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.
17 യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
18 അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
19 യെരൂശലേമില്‍ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍ ലാഖീശിലേക്കു ഔടിപ്പോയി; എന്നാല്‍ അവര്‍ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
20 അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില്‍ ദാവീദിന്റെ നഗരത്തില്‍ തന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.
21 യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
22 രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.
23 യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില്‍ യിസ്രായേല്‍രാജാവായ യോവാശിന്റെ മകന്‍ യൊരോബെയാം രാജാവായി ശമര്‍യ്യയില്‍ നാല്പത്തൊന്നു സംവത്സരം വാണു.
24 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
25 ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്റെ അതിര്‍മുതല്‍ അരാബയിലെ കടല്‍വരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
26 യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
27 യിസ്രായേലിന്റെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
28 യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില്‍ അവന്‍ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
29 യൊരോബെയാം യിസ്രായേല്‍രാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്‍യ്യാവു അവന്നു പകരം രാജാവായി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×