Bible Versions
Bible Books

Acts 17 (MOV) Malayalam Old BSI Version

1 അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു നെസ്സലൊനീക്കയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
2 പൌലൊസ് പതിവു പോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
3 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുയും ചെയ്യേണ്ടതു എന്നും ഞാന്‍ നിങ്ങളോടു അറിയിക്കുന്ന യേശുതന്നേ ക്രിസ്തു എന്നു തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
4 അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേര്‍ന്നു.
5 യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.
6 അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടുഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;
7 യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു.
8 ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.
9 യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
10 സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവേക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.
11 അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
12 അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.
13 പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാര്‍ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.
14 ഉടനെ സഹോദരന്മാര്‍ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാര്‍ത്തു.
15 പൌലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തില്‍ തന്റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.
16 അഥേനയില്‍ പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.
17 അവന്‍ പള്ളിയില്‍വെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.
18 എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു
19 പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നുനീ പ്രസ്താവിക്കുന്ന നവീനോപദേശം ഇന്നതു എന്നു ഞങ്ങള്‍ക്കു അറിയാമോ?
20 നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
21 എന്നാല്‍ അഥേനര്‍ ഒക്കെയും അവിടെ വന്നു പാര്‍ക്കുംന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
22 പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു.
23 ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നതു തന്നേ ഞാന്‍ നിങ്ങളോടു അറിയിക്കുന്നു.
24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു
25 കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
26 ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.
27 അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.
28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുംന്ന പൊന്‍ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
30 എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
31 താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.
33 അങ്ങനെ പൌലൊസ് അവരുടെ നടുവില്‍ നിന്നു പോയി
34 ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×