Bible Versions
Bible Books

Ecclesiastes 3 (MOV) Malayalam Old BSI Version

1 എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
2 ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൌഖ്യമാക്കുവാൻ ഒരു കാലം;
3 ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരുകാലം,
4 കരവാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം;
5 കല്ലു പെറുക്കിക്കളവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം;
6 സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം;
7 കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം;
8 സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.
9 പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?
10 ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ടു.
11 അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
12 ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.
13 ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
14 ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതിൽനിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
15 ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.
16 പിന്നെയും ഞാൻ സൂര്യന്നു കീഴെ ന്യായത്തിന്റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.
17 ഞാൻ എന്റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകലകാര്യത്തിന്നും സകലപ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.
18 പിന്നെയും ഞാൻ മനസ്സിൽ വിചാരിച്ചതു: ഇതു മനുഷ്യർനിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിന്നും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിന്നും തന്നേ.
19 മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.
20 എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.
21 മനുഷ്യരുടെ ആത്മാവു മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആർക്കറിയാം?
22 അതുകൊണ്ടു മനുഷ്യൻ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നുഞാൻ കണ്ടു; അതു തന്നേ അവന്റെ ഓഹരി; തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു കാണ്മാൻ ആർ അവനെ മടക്കിവരുത്തും?
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×