Bible Versions
Bible Books

Genesis 28 (MOV) Malayalam Old BSI Version

1 അനന്തരം യിസ്ഹാൿ യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു.
2 പുറപ്പെട്ടു പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
3 സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
4 ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
5 അങ്ങനെ യിസ്ഹാൿ യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി.
6 യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചു പദ്ദൻ-അരാമിൽനിന്നു ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
7 യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ,
8 കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
9 ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
11 അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
13 അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
14 നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
15 ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.
16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
17 അവൻ ഭയപ്പെട്ടു: സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു.
18 യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.
19 അവൻ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
20 യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
22 ഞാൻ തൂണായി നിർത്തിയ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×