Bible Versions
Bible Books

Hebrews 11 (MOV) Malayalam Old BSI Version

1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2 അതിനാലല്ലോ പൂര്‍വ്വന്മാര്‍ക്കും സാക്ഷ്യം ലഭിച്ചതു.
3 കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താല്‍ അറിയുന്നു.
4 വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവന്നു നീതിമാന്‍ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
5 വിശ്വാസത്താല്‍ ഹനോക്‍ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവന്‍ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
6 എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കും പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
7 വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന്‍ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീര്‍ന്നു.
8 വിശ്വാസത്താല്‍ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
9 വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ടു
10 ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
11 വിശ്വാസത്താല്‍ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്നു എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.
13 ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.
14 ഇങ്ങനെ പറയുന്നവര്‍ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
15 അവര്‍ വിട്ടുപോന്നതിനെ ഔര്‍ത്തു എങ്കില്‍ മടങ്ങിപ്പോകുവാന്‍ ഇട ഉണ്ടായിരുന്നുവല്ലോ.
16 അവരോ അധികം നല്ലതിനെ, സ്വര്‍ഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാല്‍ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല; അവന്‍ അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
17 വിശ്വാസത്താല്‍ അബ്രാഹാം താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ചു.
18 യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന്‍ തന്റെ ഏകജാതനെ അര്‍പ്പിച്ചു;
19 മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്നു എണ്ണുകയും അവരുടെ ഇടയില്‍നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
20 വിശ്വാസത്താല്‍ യിസ്ഹാക്‍ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
21 വിശ്വാസത്താല്‍ യാക്കോബ് മരണകാലത്തിങ്കല്‍ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
22 വിശ്വാസത്താല്‍ യോസേഫ് താന്‍ മരിപ്പാറായപ്പോള്‍ യിസ്രായേല്‍മക്കളുടെ പുറപ്പാടിന്റെ കാര്യം ഔര്‍പ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
23 വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്നു അമ്മയപ്പന്മാര്‍ കണ്ടുരാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
24 വിശ്വാസത്താല്‍ മോശെ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്റെ തല്‍ക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
27 വിശ്വാസത്താല്‍ അവന്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്‍ക്കയാല്‍ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
28 വിശ്വാസത്താല്‍ അവന്‍ കടിഞ്ഞൂലുകളുടെ സംഹാരകന്‍ അവരെ തൊടാതിരിപ്പാന്‍ പെസഹയും ചോരത്തളിയും ആചരിച്ചു.
29 വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍ കൂടി കടന്നു; അതു മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കീട്ടു മുങ്ങിപ്പോയി.
30 വിശ്വാസത്താല്‍ അവര്‍ ഏഴു ദിവസം ചുറ്റിനടന്നപ്പോള്‍ യെരീഹോമതില്‍ ഇടിഞ്ഞുവീണു.
31 വിശ്വാസത്താല്‍ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
32 ഇനി എന്തുപറയേണ്ടു? ഗിദ്യോന്‍ , ബാരാക്ക്, ശിംശോന്‍ , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.
33 വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു
34 തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിതീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.
35 സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ തിരികെ കിട്ടി; മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
36 വേറെ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
37 കല്ലേറു ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടേയും തോല്‍ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്കും യോഗ്യമായിരുന്നില്ല.
39 അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
40 അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍ കരുതിയിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×