Bible Versions
Bible Books

Hebrews 6 (MOV) Malayalam Old BSI Version

1 അതുകൊണ്ടു നിര്‍ജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,
2 നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക.
3 ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.
4 ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ടു സ്വര്‍ഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍
6 തങ്ങള്‍ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല.
7 പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്‍ക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില്‍ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
9 എന്നാല്‍ പ്രിയമുള്ളവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.
10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.
11 എന്നാല്‍ നിങ്ങള്‍ ഔരോരുത്തന്‍ പ്രത്യാശയുടെ പൂര്‍ണ്ണനിശ്ചയം പ്രാപിപ്പാന്‍ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
12 അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
13 ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍ തന്നെക്കാള്‍ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാന്‍ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യ ചെയ്തു
14 “ഞാന്‍ നിന്നെ അനുഗ്രഹിക്കയും നിന്നെ വര്‍ദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
15 അങ്ങനെ അവന്‍ ദീര്‍ഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
16 തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നതു; ആണ അവര്‍ക്കും ഉറപ്പിന്നായി സകലവാദത്തിന്റെയും തീര്‍ച്ചയാകുന്നു.
17 അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്‍ക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
18 അങ്ങനെ നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍വാന്‍ ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.
19 പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
20 അവിടേക്കു യേശു മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×