Bible Versions
Bible Books

Isaiah 45 (MOV) Malayalam Old BSI Version

1 യഹോവ തന്റെ അഭിഷിക്തനായ കോരെശിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു--അവന്നു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിന്നും കതകുകള്‍ അവന്നു തുറന്നിരിക്കേണ്ടതിന്നും വാതിലുകള്‍ അടയാതിരിക്കേണ്ടതിന്നും ഞാന്‍ അവന്റെ വലങ്കൈ പിടിച്ചിരക്കുന്നു--
2 ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.
3 നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാന്‍ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാന്‍ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും
4 എന്റെ ദാസനായ യാക്കോബ് നിമിത്തവും എന്റെ വൃതനായ യിസ്രായേല്‍നിമിത്തവും ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാന്‍ നിന്നെ ഔമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.
5 ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്റെ അര മുറുക്കിയിരിക്കുന്നു.
6 സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവര്‍ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.
7 ഞാന്‍ പ്രകാശത്തെ നിര്‍മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്ടിക്കുന്നു; ഞാന്‍ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്ടിക്കുന്നു യഹോവയായ ഞാന്‍ ഇതൊക്കെയും ചെയ്യുന്നു.
8 ആകാശമേ, മേലില്‍ നിന്നു പൊഴിക്കുക; മേഘങ്ങള്‍ നീതിയെ വര്‍ഷിക്കട്ടെ; രക്ഷ വിളയേണ്ടതിന്നു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന്‍ അതു സൃഷ്ടിച്ചിരിക്കുന്നു.
9 നിലത്തിലെ കലനുറുക്കുകളുടെ ഇടയില്‍ ഒരു കലനുറുക്കായിരിക്കെ, തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന്നു അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണുനീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണിഅവന്നു കൈ ഇല്ല എന്നും പറയുമോ?
10 അപ്പനോടുനീ ജനിപ്പിക്കുന്നതു എനതു എന്നും സ്ത്രീയോടുനീ പ്രസവിക്കുന്നതു എന്തു എന്നും പറയുന്നവന്നു അയ്യോ കഷ്ടം!
11 യിസ്രായേലിന്റെ പരിശുദ്ധനും അവനെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവരുവാനുള്ളതിനെക്കുറിച്ചു എന്നോടു ചോദിപ്പിന്‍ ; എന്റെ മക്കളെയും എന്റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ചു എന്നോടു കല്പിപ്പിന്‍ .
12 ഞാന്‍ ഭൂമിയെ ഉണ്ടാക്കി അതില്‍ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാന്‍ കല്പിച്ചാക്കിയിരിക്കുന്നു.
13 ഞാന്‍ നീതിയില്‍ അവനെ ഉണര്‍ത്തിയിരിക്കുന്നു അവന്റെ വഴികളെ ഒക്കെയും ഞാന്‍ നിരപ്പാക്കും; അവന്‍ എന്റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന്‍ എന്റെ പ്രവാസികളെ വിട്ടയക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്റെ അടുക്കല്‍ കടന്നുവന്നു നിനക്കു കൈവശമാകും; അവന്‍ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
15 യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
16 അവര്‍ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പില്‍ ആകും.
17 യിസ്രായേലോ യഹോവയാല്‍ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
18 ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന്‍ തന്നേ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു; പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു:-- ഞാന്‍ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.
19 ഞാന്‍ രഹസ്യത്തില്‍ അന്ധകാരപ്രദേശത്തു വെച്ചല്ല സംസാരിച്ചതു; ഞാന്‍ യാക്കോബിന്റെ സന്തതിയോടുവ്യര്‍ത്ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നതു; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.
20 നിങ്ങള്‍ കൂടിവരുവിന്‍ ; ജാതികളില്‍വെച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ചു അടുത്തു വരുവിന്‍ ; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനോടു പ്രാര്‍ത്ഥിക്കയും ചെയ്യുന്നവര്‍ക്കും അറിവില്ല.
21 നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചുതരുവിന്‍ ; അവര്‍ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്‍പ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
22 സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിന്‍ ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
23 എന്നാണ എന്റെ മുമ്പില്‍ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായില്‍നിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
24 യഹോവയില്‍ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഔരോരുത്തന്‍ പറഞ്ഞുകൊണ്ടു അവന്റെ അടുക്കല്‍ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.
25 യഹോവയില്‍ യിസ്രായേല്‍സന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×