Bible Versions
Bible Books

Jeremiah 34 (MOV) Malayalam Old BSI Version

1 ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിൻ കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു, യെഹൂദാരാജാവായ സിദെക്കീയാവോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നഗരത്തെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീ വെച്ചു ചുട്ടുകളയും.
3 നീ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണോടു കണ്ണു കാണുകയും അവൻ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.
4 എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
5 നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാൻ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
6 യിരെമ്യാ പ്രവാചകൻ വചനങ്ങളെ ഒക്കെയും യെരൂശലേമിൽ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.
7 അന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവെച്ചു ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നതു ഇവയത്രേ.
8 ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ടു അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും
9 സ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
10 ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തിൽ ഉൾപ്പെട്ട സകല പ്രഭുക്കന്മാരും സർവ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.
11 പിന്നീടോ അവർ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു.
12 അതുകൊണ്ടു യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നു യഹോവയിങ്കൽ നിന്നുണ്ടായതെന്തെന്നാൽ:
13 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ അവരോടു ഒരു നിയമം ചെയ്തു:
14 തന്നെത്താൻ നിനക്കു വിൽക്കയും ആറുസംവത്സരം നിന്നെ സേവിക്കയും ചെയ്തു എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തിൽ വിട്ടയക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്നു വിട്ടയക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.
15 നിങ്ങളോ ഇന്നു തിരിഞ്ഞു ഓരോരുത്തൻ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്കു ഹിതമായതു പ്രവർത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
16 എങ്കിലും നിങ്ങൾ വ്യത്യാസം കാണിച്ചു എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ ഇഷ്ടംപോലെ പോയ്ക്കൊൾവാൻ വിമോചനം കൊടുത്തു അയച്ചിരുന്ന തന്റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
17 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഓരോരുത്തൻ താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവണ്ണം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നു മത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
18 കാളക്കുട്ടിയെ രണ്ടായി പിളർന്നു അതിന്റെ പിളർപ്പുകളുടെ നടുവെ കടന്നുകൊണ്ടു എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികൾ നിവർത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,
19 കാളക്കുട്ടിയുടെ പിളർപ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേം പ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നേ, ഞാൻ ഏല്പിക്കും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×