Bible Versions
Bible Books

Job 22 (MOV) Malayalam Old BSI Version

1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2 മനുഷ്യന്‍ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവന്‍ തനിക്കു തന്നേ ഉപകരിക്കേയുള്ളു.
3 നീ നീതിമാനായാല്‍ സര്‍വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല്‍ അവന്നു ലാഭമുണ്ടോ?
4 നിന്റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?
5 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.
6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന്‍ അതില്‍ പാര്‍ത്തു.
9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
10 അതുകൊണ്ടു നിന്റെ ചുറ്റും കണികള്‍ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12 ദൈവം സ്വര്ഗ്ഗോന്നതത്തില്‍ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.
13 എന്നാല്‍ നീദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവന്‍ ന്യായം വിധിക്കുമോ?
14 കാണാതവണ്ണം മേഘങ്ങള്‍ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില്‍ അവന്‍ ഉലാവുന്നു എന്നു പറയുന്നു.
15 ദുഷ്ടമനുഷ്യര്‍ നടന്നിരിക്കുന്ന പുരാതനമാര്‍ഗ്ഗം നീ പ്രമാണിക്കുമോ?
16 കാലം തികയും മുമ്പെ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17 അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; സര്‍വ്വശക്തന്‍ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.
18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
19 നീതിമാന്മാര്‍ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന്‍ അവരെ പരിഹസിച്ചു
20 ഞങ്ങളുടെ എതിരാളികള്‍ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.
21 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാല്‍ നിനക്കു നന്മ വരും.
22 അവന്റെ വായില്‍നിന്നു ഉപദേശം കൈക്കൊള്‍ക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്ക.
23 സര്‍വ്വശക്തങ്കലേക്കു തിരിഞ്ഞാല്‍ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളില്‍നിന്നു അകറ്റിക്കളയും.
24 നിന്റെ പൊന്നു പൊടിയിലും ഔഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.
25 അപ്പോള്‍ സര്‍വ്വശക്തന്‍ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.
26 അന്നു നീ സര്‍വ്വശക്തനില്‍ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയര്‍ത്തും.
27 നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്റെ നേര്‍ച്ചകളെ കഴിക്കും.
28 നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളില്‍ വെളിച്ചം പ്രകാശിക്കും.
29 നിന്നെ താഴ്ത്തുമ്പോള്‍ ഉയര്‍ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന്‍ രക്ഷിക്കും.
30 നിര്‍ദ്ദോഷിയല്ലാത്തവനെപ്പോലും അവന്‍ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാല്‍ അവന്‍ വിടുവിക്കപ്പെടും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×