Bible Versions
Bible Books

Job 7 (MOV) Malayalam Old BSI Version

1 മര്‍ത്യന്നു ഭൂമിയില്‍ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.
2 വേലക്കാരന്‍ നിഴല്‍ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും
3 വ്യര്‍ത്ഥമാസങ്ങള്‍ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികള്‍ എനിക്കു ഔഹരിയായ്തീര്‍ന്നു.
4 കിടക്കുന്നേരംഞാന്‍ എപ്പോള്‍ എഴുന്നേലക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി.
5 എന്റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കില്‍ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.
6 എന്റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.
7 എന്റെ ജീവന്‍ ഒരു ശ്വാസം മാത്രം എന്നോര്‍ക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല.
8 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.
9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറിവരുന്നില്ല.
10 അവന്‍ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
11 ആകയാല്‍ ഞാന്‍ എന്റെ വായടെക്കയില്ല; എന്റെ മന:പീഡയില്‍ ഞാന്‍ സംസാരിക്കും; എന്റെ മനോവ്യസനത്തില്‍ ഞാന്‍ സങ്കടം പറയും.
12 നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?
13 എന്റെ കട്ടില്‍ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാല്‍
14 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.
15 ആകയാല്‍ ഞാന്‍ ഞെക്കിക്കുലയും അസ്ഥിക്കൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.
16 ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.
17 മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേല്‍ ദൃഷ്ടിവെക്കേണ്ടതിന്നും
18 അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവന്‍ എന്തുള്ളു?
19 നീ എത്രത്തോളം നിന്റെ നോട്ടം എങ്കല്‍ നിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?
20 ഞാന്‍ പാപം ചെയ്തുവെങ്കില്‍, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു?
21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോള്‍ ഞാന്‍ പൊടിയില്‍ കിടക്കും; നീ എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇല്ലാതിരിക്കും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×