Bible Versions
Bible Books

Judges 4 (MOV) Malayalam Old BSI Version

1 ഏഹൂദ് മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
2 യഹോവ അവരെ ഹാസോരില്‍വാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തില്‍ പാര്‍ത്തിരുന്ന സീസെരാ ആയിരുന്നു.
3 അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍മക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.
4 കാലത്തു ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലില്‍ ന്യായപാലനം ചെയ്തു.
5 അവള്‍ എഫ്രയീംപര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്നു; യിസ്രായേല്‍മക്കള്‍ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കല്‍ ചെല്ലുക പതിവായിരുന്നു.
6 അവള്‍ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയില്‍നിന്നു വിളിപ്പിച്ചു അവനോടുനീ പുറപ്പെട്ടു താബോര്‍പര്‍വ്വതത്തില്‍ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളില്‍ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;
7 ഞാന്‍ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു നിന്റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
8 ബാരാക്‍ അവളോടുനീ എന്നോടു കൂടെ വരുന്നെങ്കില്‍ ഞാന്‍ പോകാം; നീ വരുന്നില്ല എങ്കില്‍ ഞാന്‍ പോകയില്ല എന്നു പറഞ്ഞു.
9 അതിന്നു അവള്‍ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാല്‍ നീ പേകുന്ന യാത്രയാല്‍ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യില്‍ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
10 ബാരാക്‍ സെബൂലൂനെയും നഫ്താലിയെയും കേദെശില്‍ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേര്‍ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
11 എന്നാല്‍ കേന്യനായ ഹേബെര്‍ മോശെയുടെ അളിയന്‍ ഹോബാബിന്റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞു കേദെശിന്നരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.
12 അബീനോവാബിന്റെ മകനായ ബാരാക്‍ താബോര്‍പര്‍വ്വതത്തില്‍ കയറിയിരിക്കുന്നു എന്നു സീസെരെക്കു അറിവുകിട്ടി.
13 സീസെരാ തന്റെ തൊള്ളായിരം ഇരിമ്പുരഥവുമായി തന്റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തില്‍നിന്നു കീശോന്‍ തോട്ടിന്നരികെ വിളിച്ചുകൂട്ടി.
14 അപ്പോള്‍ ദെബോരാ ബാരാക്കിനോടുപുറപ്പെട്ടുചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്റെ പിന്നാലെ പതിനായിരംപേരും താബോര്‍പര്‍വ്വതത്തില്‍ നിന്നു ഇറങ്ങിച്ചെന്നു,
15 യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പില്‍ വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു; സീസെരാ രഥത്തില്‍നിന്നു ഇറങ്ങി കാല്‍നടയായി ഔടിപ്പോയി.
16 ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു; ഒരുത്തനും ശേഷിച്ചില്ല.
17 എന്നാല്‍ സീസെരാ കാല്‍നടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കു ഔടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോര്‍ രാജാവായ യാബീനും തമ്മില്‍ സമാധാനം ആയിരുന്നു.
18 യായേല്‍ സീസെരയെ എതിരേറ്റുചെന്നു അവനോടുഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ, ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ കൂടാരത്തില്‍ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.
19 അവന്‍ അവളോടുഎനിക്കു ദാഹിക്കുന്നു; കുടിപ്പാന്‍ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു; അവള്‍ പാല്‍തുരുത്തി തുറന്നു അവന്നു കുടിപ്പാന്‍ കൊടുത്തു; പിന്നെയും അവനെ മൂടി.
20 അവന്‍ അവളോടുനീ കൂടാരവാതില്‍ക്കല്‍ നില്‍ക്ക; വല്ലവനും വന്നു ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.
21 എന്നാല്‍ ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി.
22 ബാരാക്‍ സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേല്‍ അവനെ എതിരേറ്റു അവനോടുവരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കല്‍ ചെന്നപ്പോള്‍ സീസെരാ ചെന്നിയില്‍ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.
23 ഇങ്ങനെ ദൈവം അന്നു കനാന്യ രാജാവായ യാബീനെ യിസ്രായേല്‍മക്കള്‍ക്കു കീഴടക്കി.
24 യിസ്രായേല്‍മക്കള്‍ കനാന്യരാജാവായ യാബീനെ നിര്‍മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീന്നു മേലക്കുമേല്‍ ഭാരമായിത്തീര്‍ന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×