Bible Versions
Bible Books

Proverbs 17 (MOV) Malayalam Old BSI Version

1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
4 ദുഷ്കർമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.
5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
6 മക്കളുടെ മക്കൾ വൃദ്ധന്മാർക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.
7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?
8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
9 സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
12 മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
13 ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക.
15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.
16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?
17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.
18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.
19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.
20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികട നാവുള്ളവൻ ആപത്തിൽ അകപ്പെടും.
21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.
26 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.
27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.
28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×