Bible Versions
Bible Books

Psalms 118 (MOV) Malayalam Old BSI Version

1 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല്‍ പറയട്ടെ.
3 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന്‍ ഗൃഹം പറയട്ടെ.
4 അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര്‍ പറയട്ടെ.
5 ഞെരുക്കത്തില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6 യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും?
7 എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
8 മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
9 പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
10 സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
11 അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
12 അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
13 ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
14 യഹോവ എന്റെ ബലവും എന്റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.
15 ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
16 യഹോവയുടെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
17 ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.
18 യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
19 നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍ ; ഞാന്‍ അവയില്‍കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.
20 യഹോവയുടെ വാതില്‍ ഇതു തന്നേ; നീതിമാന്മാര്‍ അതില്‍കൂടി കടക്കും.
21 നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.
22 വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.
23 ഇതു യഹോവയാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യം ആയിരിക്കുന്നു.
24 ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.
26 യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27 യഹോവ തന്നേ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍ .
28 നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.
29 യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×