Bible Versions
Bible Books

Psalms 89 (MOV) Malayalam Old BSI Version

1 യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
2 ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.
3 എന്റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
4 നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
5 യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
6 സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍?
7 ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.
8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
9 നീ സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.
10 നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
11 ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
12 ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്റെ നാമത്തില്‍ ആനന്ദിക്കുന്നു;
13 നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
14 നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
15 ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തില്‍ നടക്കും.
16 അവര്‍ ഇടവിടാതെ നിന്റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.
17 നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.
18 നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
19 അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
20 ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
21 എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
22 ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.
23 ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
24 എന്നാല്‍ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില്‍ അവന്റെ കൊമ്പു ഉയര്‍ന്നിരിക്കും.
25 അവന്റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
26 അവന്‍ എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
27 ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.
28 ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.
29 ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.
30 അവന്റെ പുത്രന്മാര്‍ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
31 എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍
32 ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.
33 എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
34 ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
35 ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.
36 അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.
37 അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
38 എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
39 നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
40 നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
41 വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
42 നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43 അവന്റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.
44 അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
45 അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
46 യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
47 എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
48 ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
49 കര്‍ത്താവേ, നിന്റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?
50 കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്‍ക്കേണമേ; എന്റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
51 യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×