Bible Versions
Bible Books

Revelation 4 (MOV) Malayalam Old BSI Version

1 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടുഇവിടെ കയറിവരിക; മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു.
2 ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു.
3 ഇരിക്കുന്നവന്‍ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍ ; സിംഹാസനത്തിന്റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു;
4 സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാര്‍; അവരുടെ തലയില്‍ പൊന്‍ കിരീടം;
5 സിംഹാസനത്തില്‍നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങള്‍ സിംഹാസനത്തിന്റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു;
6 സിംഹാസനത്തിന്റെ മുമ്പില്‍ പളുങ്കിന്നൊത്ത കണ്ണാടിക്കടല്‍; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികള്‍; അവേക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.
7 ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.
8 നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ എന്നു അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന്നു ജീവികള്‍ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും
10 ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു
11 കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്‍ മുമ്പില്‍ ഇടും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×