Bible Versions
Bible Books

Revelation 7 (MOV) Malayalam Old BSI Version

1 അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നതു ഞാൻ കണ്ടു.
2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോടു:
3 നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
4 മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
5 യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം; രൂബേൻ ഗോത്രത്തിൽ പന്തീരായിരം; ഗാദ് ഗോത്രത്തിൽ പന്തീരായിരം;
6 ആശേർഗോത്രത്തിൽ പന്തീരായിരം; നപ്താലിഗോത്രത്തിൽ പന്തീരായിരം; മനശ്ശെഗോത്രത്തിൽ പന്തീരായിരം;
7 ശിമെയോൻ ഗോത്രത്തിൽ പന്തീരായിരം; ലേവി ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാർ ഗോത്രത്തിൽ പന്തീരായിരം;
8 സെബൂലോൻ ഗോത്രത്തിൽ പന്തീരായിരം; യോസേഫ് ഗോത്രത്തിൽ പന്തീരായിരം; ബെന്യാമീൻ ഗോത്രത്തിൽ മുദ്രയേറ്റവർ പന്തിരായിരം പേർ.
9 ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു.
10 രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു.
11 സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ;
12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.
13 മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
14 യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
15 അതുകൊണ്ടു അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.
16 ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല.
17 സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×