Bible Versions
Bible Books

Revelation 8 (MOV) Malayalam Old BSI Version

1 അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അര മണിക്ക്കുറോളം മൌനത ഉണ്ടായി.
2 അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്കും ഏഴു കാഹളം ലഭിച്ചു.
3 മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്‍ മേല്‍ സകലവിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിന്നു വളരെ ധൂപവര്‍ഗ്ഗം അവന്നു കൊടുത്തു.
4 ധൂപവര്‍ഗ്ഗത്തിന്റെ പൂക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.
5 ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
6 ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.
7 ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.
8 രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍ മലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു.
9 സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു.
10 മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു.
11 നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.
12 നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില്‍ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
13 അനന്തരം ഒരു കഴുകുഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×