Bible Versions
Bible Books

1 Chronicles 9 (MOV) Malayalam Old BSI Version

1 യിസ്രായേല്‍ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
2 അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
3 യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തു.
4 അവരാരെന്നാല്‍യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളില്‍ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകന്‍ ഊഥായി;
5 ശീലോന്യരില്‍ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
6 സേരഹിന്റെ പുത്രന്മാരില്‍ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
7 ബെന്യാമീന്‍ പുത്രന്മാരില്‍ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
8 യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന്‍ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകന്‍ മെശുല്ലാമും
9 തലമുറതലമുറയായി അവരുടെ സഹോദരന്മാര്‍ ആകെ തൊള്ളായിരത്തമ്പത്താറുപേരും. പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളില്‍ കുടുംബത്തലവന്മാരായിരുന്നു.
10 പുരോഹിതന്മാരില്‍ യെദയാവും യെഹോയാരീബും യാഖീനും
11 അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
12 അസര്‍യ്യാവും മല്‍ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന്‍ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന്‍ മയശായിയും
13 പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്‍. ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.
14 ലേവ്യരിലോ മെരാര്‍യ്യരില്‍ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
15 ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും
16 യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന്‍ ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ പാര്‍ത്ത എല്‍ക്കാനയുടെ മകനായ
17 ആസയുടെ മകന്‍ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍ശല്ലൂമും അക്കൂബും തല്‍മോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
18 ലേവ്യപാളയത്തില്‍ വാതില്‍കാവല്‍ക്കാരായ ഇവര്‍ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍ ഇന്നുവരെ കാവല്‍ചെയ്തുവരുന്നു.
19 കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
20 എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
21 മെശേലെമ്യാവിന്റെ മകനായ സെഖര്‍യ്യാവു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരനായിരുന്നു.
22 ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
23 ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കു കാവല്‍മുറപ്രകാരം കാവല്‍ക്കാരായിരുന്നു.
24 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്‍ക്കാരുണ്ടായിരുന്നു.
25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
26 വാതില്‍ കാവല്‍ക്കാരില്‍ പ്രധാനികളായ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരം നടത്തി.
27 കാവലും രാവിലെതോറും വാതില്‍ തുറക്കുന്ന മുറയും അവര്‍ക്കുംള്ളതുകൊണ്ടു അവര്‍ ദൈവാലയത്തിന്റെ ചുറ്റും രാപാര്‍ത്തുവന്നു.
28 അവരില്‍ ചിലര്‍ക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
29 അവരില്‍ ചിലരെ ഉപകരണങ്ങള്‍ക്കും സകലവിശുദ്ധപാത്രങ്ങള്‍ക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്‍ഗ്ഗം എന്നിവേക്കും മേല്‍വിചാരകരായി നിയമിച്ചിരുന്നു.
30 പുരോഹിതപുത്രന്മാരില്‍ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.
31 ലേവ്യരില്‍ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന്‍ മത്ഥിഥ്യാവിന്നു ചട്ടികളില്‍ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണ ഉണ്ടായിരുന്നു.
32 കെഹാത്യരായ അവരുടെ സഹോദരന്മാരില്‍ ചിലര്‍ക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
33 ലേവ്യരുടെ പിതൃഭവനങ്ങളില്‍ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളില്‍ പാര്‍ത്തിരുന്നു. അവര്‍ രാവും പകലും തങ്ങളുടെ വേലയില്‍ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നു ഒഴിവുള്ളവരായിരുന്നു.
34 പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തുവന്നു.
35 ഗിബെയോനില്‍ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍--
36 അവന്റെ മൂത്തമകന്‍ അബ്ദോന്‍ , സൂര്‍, കീശ്, ബാല്‍, നേര്‍,
37 നാദാബ്, ഗെദോര്‍, അഹ്യോ, സെഖര്‍യ്യാവു, മിക്ളോത്ത് എന്നിവരും പാര്‍ത്തു.
38 മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര്‍ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എതിരെ പാര്‍ത്തു.
39 നേര്‍ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
40 യോനാഥാന്റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.
41 മീഖയുടെ പുത്രന്മാര്‍പീഥോന്‍ , മേലെക്, തഹ്രേയ, ആഹാസ്.
42 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകന്‍ രെഫയാവു; അവന്റെ മകന്‍ എലാസാ; അവന്റെ മകന്‍ ആസേല്‍.
44 ആസേലിന്നു ആറു മക്കള്‍ ഉണ്ടായിരുന്നു; അവരുടെ പേരുകള്‍അസ്രീക്കാം, ബെക്രൂ, യിശ്മായേല്‍, ശെയര്‍യ്യാവു, ഔബദ്യാവു, ഹാനാന്‍ ; ഇവര്‍ ആസേലിന്റെ മക്കള്‍.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×