Bible Versions
Bible Books

2 Chronicles 21 (MOV) Malayalam Old BSI Version

1 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
2 അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്‍യ്യാവു, യെഹീയേല്‍, സെഖര്‍യ്യാവു, അസര്‍യ്യാവു, മീഖായേല്‍, ശെഫത്യാവു എന്നീ സഹോദരന്മാര്‍ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാര്‍.
3 അവരുടെ അപ്പന്‍ അവര്‍ക്കും വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാല്‍ യെഹോരാം ആദ്യജാതനായിരിക്കയാല്‍ രാജത്വം അവന്നു കൊടുത്തു.
4 യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താല്‍ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്‍പ്രഭുക്കന്മാരില്‍ പലരെയും വാള്‍കൊണ്ടു കൊന്നു.
5 യെഹോരാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.
6 ആഹാബ്ഗൃഹം ചെയ്തതുപോലെ അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; ആഹാബിന്റെ മകള്‍ അവന്നു ഭാര്യയായിരുന്നുവല്ലോ; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
7 എന്നാല്‍ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
8 അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.
9 യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയില്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.
10 എന്നാല്‍ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനിലക്കുന്നു; അവന്‍ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.
11 അവന്‍ യെഹൂദാപര്‍വ്വതങ്ങളില്‍ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
12 അവന്നു എലീയാപ്രവാചകന്റെ പക്കല്‍നിന്നു ഒരു എഴുത്തു വന്നതെന്തെന്നാല്‍നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ
13 യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാള്‍ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു
14 യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.
15 നിനക്കോ ദീനത്താല്‍ നിന്റെ കുടല്‍ കാലക്രമേണ പുറത്തു ചാടുംവരെ കുടലില്‍ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.
16 യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണര്‍ത്തി;
17 അവര്‍ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയില്‍ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.
18 ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലില്‍ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.
19 കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല്‍ അവന്റെ കുടല്‍ പുറത്തുചാടി അവന്‍ കഠിനവ്യാധിയാല്‍ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാര്‍ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
20 അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×