Bible Versions
Bible Books

2 Kings 16 (MOV) Malayalam Old BSI Version

1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
2 ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
3 അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
4 അവൻ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
6 അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാർക്കുന്നു.
7 ആഹാസ് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
8 അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂർ രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.
9 അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
10 ആഹാസ്‌രാജാവു അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാൻ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‌രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.
11 ഊരീയാപുരോഹിതൻ ഒരു യാഗപീഠം പണിതു; ആഹാസ്‌രാജാവു ദമ്മേശെക്കിൽനിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്‌രാജാവു ദമ്മേശെക്കിൽനിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതൻ അതു പണിതിരുന്നു.
12 രാജാവു ദമ്മേശെക്കിൽനിന്നു വന്നപ്പോൾ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കൽ ചെന്നു അതിന്മേൽ കയറി.
13 ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകർന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
14 യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
15 ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതു: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങൾ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാൻ ആലോചിച്ചു കൊള്ളാം.
16 ആഹാസ്‌രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതൻ ചെയ്തു.
17 ആഹാസ്‌രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.
18 ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂർരാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
19 ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×