Bible Versions
Bible Books

2 Kings 17 (MOV) Malayalam Old BSI Version

1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടില്‍ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്‍യ്യയില്‍ ഒമ്പതു സംവത്സരം വാണു.
2 അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേല്‍രാജാക്കന്മാരെപ്പോലെ അല്ലതാനും.
3 അവന്റെ നേരെ അശ്ശൂര്‍ രാജാവായ ശല്‍മനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു.
4 എന്നാല്‍ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കല്‍ ദൂതന്മാരെ അയക്കയും അശ്ശൂര്‍രാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍ രാജാവു അവനില്‍ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തില്‍ ആക്കി.
5 അശ്ശൂര്‍രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
6 ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
7 യിസ്രായേല്‍മക്കള്‍ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴില്‍നിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
8 യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേല്‍രാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
9 യിസ്രായേല്‍മക്കള്‍ തങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി കൊള്ളരുതാത്തകാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്‍ക്കാരുടെ ഗോപുരംമുതല്‍ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.
10 അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11 യഹോവ തങ്ങളുടെ മുമ്പില്‍ നിന്നു നീക്കക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചു.
12 കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ചെന്നു സേവിച്ചു.
13 എന്നാല്‍ യഹോവ സകലപ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടുംനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നിങ്ങള്‍ക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.
14 എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
15 അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ത്ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവര്‍ പിന്തുടര്‍ന്നു.
16 അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
17 അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
18 അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേല്‍ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചു നടന്നു.
20 ആകയാല്‍ യഹോവ യിസ്രായേല്‍സന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യില്‍ ഏല്പിച്ചു, ഒടുവില്‍ അവരെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളഞ്ഞു.
21 അവന്‍ യിസ്രായേലിനെ ദാവീദ് ഗൃഹത്തിങ്കല്‍നിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
22 അങ്ങനെ യിസ്രായേല്‍മക്കള്‍ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
23 അവര്‍ അവയെ വിട്ടുമാറായ്കയാല്‍ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രാകരം ഒടുവില്‍ യിസ്രായേലിനെ തന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേല്‍ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
24 അശ്ശൂര്‍ രാജാവു ബാബേല്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ചു; അവര്‍ ശമര്‍യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍ പാര്‍ത്തു.
25 അവര്‍ അവിടെ പാര്‍പ്പാന്‍ തുടങ്ങിയപ്പോള്‍ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവ അവരില്‍ ചിലരെ കൊന്നുകളഞ്ഞു.
26 അപ്പോള്‍ അവര്‍ അശ്ശൂര്‍ രാജാവിനെ അറിയിച്ചതുനീ കുടിനീക്കി ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ച ജാതികള്‍ ആദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കകൊണ്ടു അവന്‍ അവരുടെ ഇടയില്‍ സിംഹങ്ങളെ അയച്ചു; അവര്‍ ദേശത്തിലെ ദൈവത്തിന്റെ മാര്‍ഗ്ഗം അറിയായ്കയാല്‍ അവ അവരെ കൊന്നുകളയുന്നു.
27 അതിന്നു അശ്ശൂര്‍ രാജാവുനിങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരില്‍ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍ ; അവര്‍ ചെന്നു അവിടെ പാര്‍ക്കയും അവര്‍ ദേശത്തെ ദൈവത്തിന്റെ മാര്‍ഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
28 അങ്ങനെ അവര്‍ ശമര്‍യ്യയില്‍നിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരില്‍ ഒരുത്തന്‍ വന്നു ബേഥേലില്‍ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവര്‍ക്കും ഉപദേശിച്ചുകൊടുത്തു.
29 എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഔരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളില്‍ ശമര്‍യ്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചു.
30 ബാബേല്‍കാര്‍ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍ നേര്‍ഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാര്‍ അശീമയെ ഉണ്ടാക്കി;
31 അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
32 അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍ അവര്‍ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍ യാഗം കഴിക്കയും ചെയ്യും.
33 അങ്ങനെ അവര്‍ യഹോവയെ ഭജിക്കയും തങ്ങള്‍ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34 ഇന്നുവരെയും അവര്‍ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേല്‍ എന്നു പേര്‍വിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
35 യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ അന്യദൈവങ്ങളെ ഭജിക്കയും അവേക്കു യാഗംകഴിക്കയും ചെയ്യാതെ
36 നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗംകഴിക്കയും വേണം.
37 അവന്‍ നിങ്ങള്‍ക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
38 ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുതു; അന്യ ദൈവങ്ങളെ ഭജിക്കയുമരുതു.
39 നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍ ഭജിക്കേണം; എന്നാല്‍ അവന്‍ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യില്‍നിന്നു വിടുവിക്കും.
40 എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.
41 അങ്ങനെ ജാതികള്‍ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×