Bible Versions
Bible Books

2 Samuel 11 (MOV) Malayalam Old BSI Version

1 പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.
2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; സ്ത്രീ അതിസുന്ദരി ആയിരുന്നു.
3 ദാവീദ് ആളയച്ചു സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
5 സ്ത്രീ ഗർഭം ധരിച്ചു, താൻ ഗർഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വർത്തമാനം അയച്ചു.
6 അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു.
7 ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
8 പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
9 ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറിങ്ങി.
10 ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
11 ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിൻ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.
12 അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു.
13 പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യെക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.
14 രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
15 എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ എന്നു എഴുതിയിരുന്നു.
16 അങ്ങനെ തന്നേ യോവാബ് പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിർത്തി.
17 പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
18 പിന്നെ യോവാബ് യുദ്ധവർത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു.
19 അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവർത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:
20 നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽ നിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ?
21 യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൽപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
22 ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വർത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.
23 ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിൻ പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതിൽക്കലോളം അവരെ പിന്തുടർന്നടുത്തുപോയി.
24 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.
25 അതിന്നു ദാവീദ് ദൂതനോടു: കാര്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചു കളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.
26 ഊരീയാവിന്റെ ഭാര്യ തന്റെ ഭർത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭർത്താവിനെക്കുറിച്ചു വിലപിച്ചു.
27 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാര്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×