Bible Versions
Bible Books

Deuteronomy 20 (MOV) Malayalam Old BSI Version

1 നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
2 നിങ്ങള്‍ പടയേല്പാന്‍ അടുക്കുമ്പോള്‍ പുരോഹിതന്‍ വന്നു ജനത്തോടു സംസാരിച്ചു
3 യിസ്രായേലേ, കേള്‍ക്ക; നിങ്ങള്‍ ഇന്നു ശത്രുക്കളോടു പടയേല്പാന്‍ അടുക്കുന്നു; അധൈര്യപ്പെടരുതു, പേടിക്കരുതു, നടുങ്ങിപ്പോകരുതു; അവരെ കണ്ടു ഭ്രമിക്കയുമരുതു.
4 നിങ്ങളുടെ ദൈവമായയഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്തു നിങ്ങളെ രക്ഷിപ്പാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു അവരോടു പറയേണം.
5 പിന്നെ പ്രമാണികള്‍ ജനത്തോടു പറയേണ്ടതു എന്തെന്നാല്‍ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ചു ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കെണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
6 ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
7 ആരെങ്കിലും ഒരു സ്ത്രീയെ വിവഹാത്തിന്നു നിശ്ചയിച്ചു അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കില്‍ അവന്‍ പടയില്‍ പട്ടുപോകയും മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
8 പ്രമാണികള്‍ പിന്നെയും ജനത്തോടു പറയേണ്ടതുആര്‍ക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കില്‍ അവന്‍ തന്റെ ഹൃദയംപോലെ സഹേദരന്റെ ഹൃദയവും ധൈര്യം കൊടുത്താതിരിക്കേണ്ടതിന്നു വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.
9 ഇങ്ങനെ പ്രമാണികള്‍ ജനത്തോടു പറങ്ഞു തീര്‍ന്നശേഷം അവര്‍ സൈന്യാധിപന്മാരെ സേനാമുഖത്തു ആക്കേണം.
10 നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാന്‍ അടുത്തുചെല്ലുമ്പോള്‍ സമാധാനം വിളിച്ചു പറയേണം.
11 സമാധാനം എന്നു മറുപടി പറങ്ഞു വാതില്‍ തുറന്നുതന്നാല്‍ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവെലക്കാരായി സേവചെയ്യേണം.
12 എന്നാല്‍ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കില്‍ അതിനെ നിരോധിക്കേണം.
13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കയ്യില്‍ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാല്‍ കൊല്ലേണം.
14 എന്നാല്‍ സ്ത്രീകളെയും കുട്ടികളെയും നാല്‍ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ടു എടുത്തുകൊള്ളാം; നിന്റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്റെ ശത്രുക്കളുടെ കൊള്ള നിനക്കു അനുഭവിക്കാം.
15 ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ല പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.
16 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ
17 ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.
18 അവര്‍ തങ്ങളുടെ ദേവ പൂജയില്‍ ചെയ്തുപോരുന്ന സകലമ്ളേച്ഛതളും ചെയ്‍വാന്‍ നിങ്ങളെ പഠിപ്പിച്ചിട്ടു നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു തന്നേ.
19 ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?
20 തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×