Bible Versions
Bible Books

Ecclesiastes 8 (MOV) Malayalam Old BSI Version

1 ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുള്‍ അറിയുന്നവര്‍ ആര്‍? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.
2 ദൈവസന്നിധിയില്‍ ചെയ്ത സത്യം ഔര്‍ത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.
3 നീ അവന്റെ സന്നിധി വിട്ടുപോകുവാന്‍ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവന്‍ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
4 രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആര്‍ ചോദിക്കും?
5 കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.
6 സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു.
7 സംഭവിപ്പാനിരിക്കുന്നതു അവന്‍ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആര്‍ അറിയിക്കും?
8 ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേല്‍ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണ ദിവസത്തിന്മേല്‍ അധികാരമുള്ളവനുമില്ല; യുദ്ധത്തില്‍ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.
9 ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യന്നു മനുഷ്യന്റെ മേല്‍ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാന്‍ ദൃഷ്ടിവെച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും
10 നേര്‍ പ്രവര്‍ത്തിച്ചവര്‍ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തില്‍ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാന്‍ കണ്ടു; അതും മായ അത്രേ.
11 ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.
12 പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കും നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.
13 എന്നാല്‍ ദുഷ്ടന്നു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാല്‍ നിഴല്‍പോലെ അവന്റെ ആയുസ്സു ദീര്‍ഘമാകയില്ല.
14 ഭൂമിയില്‍ നടക്കുന്ന ഒരുമായ ഉണ്ടുനീതിമാന്മാര്‍ക്കും ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കും നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാന്‍ പറഞ്ഞു.
15 ആകയാല്‍ ഞാന്‍ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴില്‍ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴില്‍ അവന്നു നലകുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തില്‍ അവനോടുകൂടെ നിലനിലക്കുന്നതു ഇതുമാത്രമേയുള്ളു.
16 ഭൂമിയില്‍ നടക്കുന്ന കാര്യം കാണ്മാനും -- മനുഷ്യന്നു രാവും പകലും കണ്ണില്‍ ഉറക്കം വരുന്നില്ലല്ലോ -- ജ്ഞാനം ഗ്രഹിപ്പാനും ഞാന്‍ മനസ്സുവെച്ചപ്പോള്‍
17 സൂര്യന്റെ കീഴില്‍ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന്‍ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാന്‍ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന്‍ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാന്‍ നിരൂപിച്ചാല്‍ അവന്നു സാധിക്കയില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×