Bible Versions
Bible Books

Exodus 40 (MOV) Malayalam Old BSI Version

1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
2 ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.
3 സാക്ഷ്യപെട്ടകം അതില്‍ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
4 മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങള്‍ ക്രമത്തില്‍ വെക്കേണം. നിലവിളകൂ കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
5 ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പില്‍ വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.
6 സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പില്‍ ഹോമയാഗപീഠം വെക്കേണം.
7 സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ തൊട്ടി വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.
8 ചുറ്റും പ്രാകാരം നിവിര്‍ത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.
9 അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;
10 ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
12 അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
15 എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്‍ക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.
16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന്‍ ചെയ്തു.
17 ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിര്‍ത്തു.
18 മോശെ തിരുനിവാസം നിവിര്‍ക്കുംകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ്‍ നാട്ടുകയും ചെയ്തു.
19 അവന്‍ മൂടുവിരി തിരുനിവാസത്തിന്മേല്‍ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
20 അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തില്‍ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
21 പെട്ടകം തിരുനിവാസത്തില്‍ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
22 സമാഗമനക്കുടാരത്തില്‍ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
23 അതിന്മേല്‍ യഹോവയുടെ സന്നിധിയില്‍ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
24 സമാഗമനക്കുടാരത്തില്‍ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില്‍ ദീപം കൊളുത്തുകയും ചെയ്തു;
25 യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
26 സമാഗമനക്കുടാരത്തില്‍ തിരശ്ശീലയുടെ മുന്‍ വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല്‍ സുഗന്ധ ധൂപവര്‍ഗ്ഗം ധൂപിക്കയും ചെയ്തു;
27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
28 അവന്‍ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
29 ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുന്‍ വശത്തു വെക്കയും അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
30 സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ അവന്‍ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതില്‍ വെള്ളം ഒഴിക്കയും ചെയ്തു.
31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതില്‍ കയ്യും കാലും കഴുകി.
32 അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോഴും യാഗപീഠത്തിങ്കല്‍ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
33 അവന്‍ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
34 അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
35 മേഘം സമാഗമനക്കുടാരത്തിന്മേല്‍ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.
36 യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേല്‍നിന്നു ഉയരുമ്പോള്‍ യാത്ര പുറപ്പെടും.
37 മേഘം ഉയരാതിരുന്നാല്‍ അതു ഉയരുംനാള്‍വരെ അവര്‍ യാത്രപുറപ്പെടാതിരിക്കും.
38 യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകല്‍ സമയത്തു തിരുനിവാസത്തിന്മേല്‍ യഹോവയുടെ മേഘവും രാത്രിസമയത്തു അതില്‍ അഗ്നിയും ഉണ്ടായിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×