Bible Versions
Bible Books

Ezra 9 (MOV) Malayalam Old BSI Version

1 അതിന്റെശേഷം പ്രഭുക്കന്മാര്‍ എന്റെ അടുക്കല്‍വന്നുയിസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേര്‍പെടാതെ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, മിസ്രയീമ്യര്‍, അമോര്‍യ്യര്‍ എന്നിവരുടെ മ്ളേച്ഛതകളെ ചെയ്തുവരുന്നു.
2 അവരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലര്‍ന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ അകൃത്യത്തില്‍ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.
3 വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ എന്റെ വസ്ത്രവും മേലങ്കിയും കീറി എന്റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.
4 പ്രവാസികളുടെ അകൃത്യംനിമിത്തം യിസ്രായേലിന്‍ ദൈവത്തിന്റെ വചനത്തിങ്കല്‍ വിറെക്കുന്നവരൊക്കെയും എന്റെ അടുക്കല്‍ വന്നുകൂടി; എന്നാല്‍ ഞാന്‍ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.
5 സന്ധ്യായാഗത്തിന്റെ സമയത്തു ഞാന്‍ എന്റെ ആത്മതപനം വിട്ടു എഴുന്നേറ്റു കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്റെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയിങ്കലേക്കു കൈമലര്‍ത്തി പറഞ്ഞതെന്തെന്നാല്‍
6 എന്റെ ദൈവമേ, ഞാന്‍ എന്റെ മുഖം എന്റെ ദൈവമായ നിങ്കലേക്കു ഉയര്‍ത്തുവാന്‍ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളുടെ തലെക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളര്‍ന്നിരിക്കുന്നു.
7 ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ ഇന്നുവരെയും ഞങ്ങള്‍ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കയ്യില്‍ വാളിന്നും പ്രവാസത്തിന്നും കവര്‍ച്ചെക്കും അപമാനത്തിന്നും ഏല്പിക്കപ്പെട്ടിരിക്കുന്നു.
8 ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിന്നും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങള്‍ക്കു കുറഞ്ഞോരു ജീവശക്തി നല്കേണ്ടതിന്നും ഞങ്ങളില്‍ ഒരു ശേഷിപ്പിനെ രക്ഷിച്ചു തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്കു ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്കു ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.
9 ഞങ്ങള്‍ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയില്‍ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണികയും അതിന്റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു ജീവശക്തി നലകുവാനും യെഹൂദയിലും യെരൂശലേമിലും ഞങ്ങള്‍ക്കു ഒരു സങ്കേതം തരുവാനും പാര്‍സിരാജാക്കന്മാരുടെ ഭൃഷ്ടിയില്‍ ഞങ്ങള്‍ക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.
10 ഇപ്പോള്‍ ഞങ്ങളുടെ ദൈവമേ, ഇതിന്നു ഞങ്ങള്‍ എന്തുപകാരം പറയേണ്ടു?
11 നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതല്‍ മറ്റെ അറ്റംവരെ അവര്‍ നിറെച്ചിരിക്കുന്ന മ്ളേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.
12 ആകയാല്‍ നിങ്ങള്‍ ശക്തിപ്പെട്ടു ദേശത്തിന്റെ നന്മ അനുഭവിച്ചു അതു എന്നേക്കും നിങ്ങളുടെ മക്കള്‍ക്കു അവകാശമായി വെച്ചേക്കേണ്ടതിന്നു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കും എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്റെ ദാസന്മാരായ പ്രവാചകന്മാര്‍മുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങള്‍ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.
13 ഇപ്പോള്‍ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെ മേല്‍ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങള്‍ക്കു ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ
14 ഞങ്ങള്‍ നിന്റെ കല്പനകളെ വീണ്ടും ലംഘിക്കയും മ്ളേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താല്‍ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?
15 യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ നീതിമാന്‍ ; ഞങ്ങളോ ഇന്നുള്ളതു പോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങള്‍ നിന്റെ മുമ്പാകെ ഇരിക്കുന്നു; അതു നിമിത്തം നിന്റെ മുമ്പാകെ നില്പാന്‍ ആര്‍ക്കും കഴിവില്ല.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×