Bible Versions
Bible Books

Hebrews 12 (MOV) Malayalam Old BSI Version

1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.
2 വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.
4 പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിർത്തു നിന്നിട്ടില്ല.
5 “മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.
6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?
7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.
9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
10 അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
11 ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.
12 ആകയാൽ തളർന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ.
13 മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ.
14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
15 ആരും ദൈവകൃപ വിട്ടു പിൻമാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും
16 ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ.
17 അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
18 സ്ഥൂലമായതും തീ കത്തുന്നതുമായ പർവ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവെക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നതു.
19 ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
20 ഒരു മൃഗം എങ്കിലും പർവ്വതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവർക്കു സഹിച്ചുകൂടാഞ്ഞു.
21 ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം കാഴ്ച ഭയങ്കരമായിരുന്നു.
22 പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും സ്വർഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന
23 ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും
24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.
25 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം.
26 അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.
27 “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×