Bible Versions
Bible Books

Judges 13 (MOV) Malayalam Old BSI Version

1 യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.
2 എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
3 സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
4 ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
5 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
6 സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.
7 അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
8 മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
9 ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10 ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
11 മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു പുരുഷന്റെ അടുക്കൽ എത്തി; സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
12 മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
13 യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.
14 മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
15 മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16 യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
17 മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
18 യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
19 അങ്ങനെ മാനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.
20 അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
21 യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
22 ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
23 ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
24 അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
25 സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×