Bible Versions
Bible Books

Psalms 116 (MOV) Malayalam Old BSI Version

1 യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.
2 അവന്‍ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
3 മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.
4 അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
5 യഹോവ കൃപയും നീതിയും ഉള്ളവന്‍ ; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ.
6 യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന്‍ എന്നെ രക്ഷിച്ചു.
7 എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
8 നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.
9 ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
10 ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.
11 സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു.
12 യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?
13 ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
14 യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.
15 തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.
16 യഹോവേ, ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
17 ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
18 യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
19 ഞാന്‍ യഹോവേക്കു എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×