Bible Versions
Bible Books

Psalms 31 (MOV) Malayalam Old BSI Version

1 യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
2 നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
3 നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;
4 അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.
5 നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
6 മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകെക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു.
7 ഞാന്‍ നിന്റെ ദയയില്‍ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
8 ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
9 യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
10 എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.
11 എന്റെ സകലവൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്റെ അയല്‍ക്കാര്‍ക്കും അതിനിന്ദിതന്‍ തന്നേ; എന്റെ മുഖപരിചയക്കാര്‍ക്കും ഞാന്‍ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ടു ഔടിപ്പോകുന്നു.
12 മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
13 ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായില്‍നിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.
14 എങ്കിലും യഹോവേ, ഞാന്‍ നിന്നില്‍ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.
15 എന്റെ കാലഗതികള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
16 അടിയന്റെമേല്‍ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാല്‍ എന്നെ രക്ഷിക്കേണമേ.
17 യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തില്‍ മൌനമായിരിക്കട്ടെ.
18 നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായ്പോകട്ടെ.
19 നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
20 നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടില്‍നിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവില്‍ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തില്‍നിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
21 യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ ഉറപ്പുള്ള പട്ടണത്തില്‍ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
22 ഞാന്‍ നിന്റെ ദൃഷ്ടിയില്‍നിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു. എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
23 യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍ ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
24 യഹോവയില്‍ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×