Bible Versions
Bible Books

Romans 6 (MOV) Malayalam Old BSI Version

1 ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.
2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതു എങ്ങനെ?
3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
4 അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ.
5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്റെ സാദൃശയത്തോടും ഏകീഭവിക്കും.
6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
7 അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
8 നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
9 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
10 അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍ .
12 ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമര്‍പ്പിച്ചുകൊള്‍വിന്‍ .
14 നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.
15 എന്നാല്‍ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരു നാളും അരുതു.
16 നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നേ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാര്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിന്നായി പാപത്തിന്റെ ദാസന്മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്റെ ദാസന്മാര്‍ തന്നേ.
17 എന്നാല്‍ നിങ്ങള്‍ പാപത്തിന്റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ചു
18 പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.
19 നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിന്നായി അശുദ്ധിക്കും അധര്‍മ്മത്തിന്നും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമര്‍പ്പിപ്പിന്‍ .
20 നിങ്ങള്‍ പാപത്തിന്നു ദാസന്മാരായിരുന്നപ്പോള്‍ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.
21 നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
22 എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×