Bible Versions
Bible Books

1 Chronicles 11 (MOV) Malayalam Old BSI Version

1 അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.
2 മുമ്പെ ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.
3 ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേൽമുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
4 പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യർ ഉണ്ടായിരുന്നു.
5 യെബൂസ് നിവാസികൾ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോൻ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.
6 എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീർന്നു.
7 ദാവീദ് കോട്ടയിൽ പാർത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.
8 പിന്നെ അവൻ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീർത്തു.
9 സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു.
10 ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.
11 ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
12 അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ; അവൻ മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
13 ഫെലിസ്ത്യർ പസ്-ദമ്മീമിൽ യുദ്ധത്തിന്നു കൂടിയപ്പോൾ അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
14 എന്നാൽ അവർ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവർക്കു വലിയോരു ജയം നല്കി.
15 ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരിൽ മൂന്നുപേർ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു.
16 അന്നു ദാവീദ് ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യർക്കു അക്കാലത്തു ബേത്ത്ളേഹെമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.
17 ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആർത്തിപൂണ്ടു പറഞ്ഞു.
18 അപ്പോൾ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
19 ഇതു ചെയ്‍വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു മൂന്നു വീരന്മാർ ചെയ്തതു.
20 യോവാബിന്റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീർത്തിപ്രാപിച്ചു;
21 മൂവരിൽ രണ്ടുപേരെക്കാൾ അധികം മാനം അവൻ പ്രാപിച്ചു അവർക്കു നായകനായ്തീർന്നു; എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
22 കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
23 അവൻ അഞ്ചുമുഴം പൊക്കമുള്ള ദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽനിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
24 ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽവെച്ചു കീർത്തി പ്രാപിച്ചു.
25 അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
26 സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ,
27 ഹരോർയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
28 തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്യനായ അബീയേസേർ,
29 ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
30 നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
31 ബെന്യാമീന്യരുടെ ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,
32 നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,
33 ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,
34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാർയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,
35 ഹരാർയ്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ,
36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവു, കർമ്മേല്യനായ ഹെസ്രോ,
37 എസ്ബായിയുടെ മകൻ നയരായി,
38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ,
39 അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യൻ നഹ്രായി,
40 യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
41 ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
42 മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,
43 മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,
44 അസ്തെരാത്യനായ ഉസ്സീയാവു, അരോവേർയ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,
45 യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേൽ,
46 എൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യൻ യിത്തമാ,
47 എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവർ തന്നേ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×