Bible Versions
Bible Books

1 Kings 4 (MOV) Malayalam Old BSI Version

1 അങ്ങനെ ശലോമോന്‍ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
2 അവന്നുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ആരെന്നാല്‍സാദോക്കിന്റെ മകന്‍ അസര്യാവു പുരോഹിതന്‍ .
3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍; അഹീലൂദിന്റെ മകന്‍ യെഹോശാഫാത്ത് മന്ത്രി;
4 യെഹോയാദയുടെ മകന്‍ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍;
5 നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6 അഹീശാര്‍ രാജഗൃഹവിചാരകന്‍ ; അബ്ദയുടെ കെന്‍ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7 രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
8 അവരുടെ പേരാവിതുഎഫ്രയീംമലനാട്ടില്‍ ബെന്‍ -ഹൂര്‍;
9 മാക്കസ്, ശാല്‍ബീം, ബേത്ത്-ശേമെശ്, ഏലോന്‍ -ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളില്‍ ബെന്‍ -ദേക്കെര്‍;
10 അരുബ്ബോത്തില്‍ ബെന്‍ -ഹേസെര്‍; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11 നാഫത്ത്-ദോറില്‍ ബെന്‍ -അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
12 അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന്‍ മുതല്‍ ആബേല്‍-മെഹോലാവരെയും യൊക്‍ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;
13 ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,
14 മഹനയീമില്‍ ഇദ്ദോവിന്റെ മകന്‍ അഹീനാദാബ്;
15 നഫ്താലിയില്‍ അഹീമാസ്; അവന്‍ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
16 ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ;
17 യിസ്സാഖാരില്‍ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18 ബെന്യാമീനില്‍ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും
19 ബാശാന്‍ രാജാവായ ഔഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകന്‍ ഗേബെര്‍; ദേശത്തു ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.
20 യെഹൂദയും യിസ്രായേലും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യമായിരുന്നു; അവര്‍ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
21 നദിമുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിര്‍വരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു.
22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23 മാന്‍ , ഇളമാന്‍ , മ്ളാവു, പുഷ്ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചല്‍പുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24 നദിക്കു ഇക്കരെ തിഫ്സഹ് മുതല്‍ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കില്‍ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
25 ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാന്‍ മുതല്‍ ബേര്‍-ശേബവരെയും ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍ കീഴിലും നിര്‍ഭയം വസിച്ചു.
26 ശലോമോന്നു തന്റെ രഥങ്ങള്‍ക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27 കാര്യക്കാരന്മാര്‍ ഔരോരുത്തന്‍ ഔരോ മാസത്തേക്കു ശലോമോന്‍ രാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവര്‍ക്കും വേണ്ടുന്ന ഭോജനപദാര്‍ത്ഥങ്ങള്‍ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28 അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കും.
29 ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്‍ക്കരയിലെ മണല്‍പോലെ ഹൃദയവിശാലതയും കൊടുത്തു.
30 സകലപൂര്‍വ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന്‍ , മാഹോലിന്റെ പുത്രന്മാരായ ഹേമാന്‍ , കല്‍ക്കോല്‍, ദര്‍ദ്ദ എന്നിവരെക്കാളും അവന്‍ ജ്ഞാനിയായിരുന്നു; അവന്റെ കീര്‍ത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
32 അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങള്‍ ആയിരത്തഞ്ചു ആയിരുന്നു.
33 ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല്‍ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ പ്രസ്താവിച്ചു.
34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കല്‍ നിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേള്‍പ്പാന്‍ വന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×