Bible Versions
Bible Books

Genesis 2 (MOV) Malayalam Old BSI Version

1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
2 താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകലപ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി
3 താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരംവയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില്‍ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
5 യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.
6 ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
9 കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഔരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
10 തോട്ടം നനെപ്പാന്‍ ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
11 ഒന്നാമത്തേതിന്നു പീശോന്‍ എന്നു പേര്‍; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
12 ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
13 രണ്ടാം നദിക്കു ഗീഹോന്‍ എന്നു പേര്‍; അതു കൂശ് ദേശമൊക്കെയും ചുറ്റുന്നു.
14 മൂന്നാം നദിക്കു ഹിദ്ദേക്കെല്‍ എന്നു പേര്‍; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍ തോട്ടത്തില്‍ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
17 എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.
18 അനന്തരം യഹോവയായ ദൈവംമനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍ അവേക്കു എന്തു പേരിടുമെന്നു കാണ്മാന്‍ അവന്റെ മുമ്പില്‍ വരുത്തി; സകല ജീവജന്തുക്കള്‍ക്കും മനുഷ്യന്‍ ഇട്ടതു അവേക്കു പേരായി;
20 മനുഷ്യന്‍ എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
21 ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
22 യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.
23 അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
24 അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും.
25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കും നാണം തോന്നിയില്ലതാനും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×